
മഞ്ചേരി: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സി.പി.എമ്മും തിരിച്ച് ചേലക്കരയിൽ സി.പി.എമ്മിന് ബി.ജെ.പിയും വോട്ട് ചെയ്യുമെന്ന് പി.വി. അൻവർ എം.എൽ.എ. ഈ ഇടപാടിന് നേതൃത്വം കൊടുക്കുന്നത് എ.ഡി.ജി.പി. അജിത് കുമാറാണെന്നും മഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സർക്കാരിന് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്. തൃശൂർ പൂരം കലക്കാൻ എ.ഡി.ജി.പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ആ ഗുഢാലോചന വഴിയാണ് ബി.ജെ.പിക്ക് ലോക്സഭാ സീറ്റ് കിട്ടിയത്. 30 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും നടപടി പ്രഖ്യാപിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് 32 ദിവസമായി. മുപ്പതാമത്തെ ദിവസം തന്നെ ഡി.ജി.പി. അന്വേഷണ റിപ്പോർട്ട് കൊടുത്തു. അജിത് കുമാറിന് പൂരം കലക്കലിൽ വീഴ്ച സംഭവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആ നിമിഷം സർക്കാർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമായിരുന്നു.

35 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങിയ എ.ഡി.ജി.പി. നയാ പൈസ വൈറ്റായിട്ട് കൊടുത്തിട്ടില്ല. ഫെബ്രുവരി 18ന് വാങ്ങിയ ഫ്ലാറ്റ് 28ാം തീയതി 65 ലക്ഷം രൂപയ്ക്ക് വിറ്റു. വാങ്ങിയതും വിറ്റതും കള്ളപ്പണത്തിനാണ്. 32 ദിവസമായിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. എവിടെ സി.പി.ഐ? പോലീസ് ആസ്ഥാനത്ത് അജിത്തിന്റെ സംഹാര താണ്ഡവമാണ്. ഈ കസേരയിൽനിന്ന് ആ കസേരയിലേക്ക് അജിത്തിനെ മാറ്റാനാണ് സി.പി.ഐ. കാത്തിരിക്കുന്നത്. ഡി.ജി.പി. നൽകിയ റിപ്പോർട്ടിൽ അജിത് കുമാറിനെ കുറ്റപ്പെടുത്തുന്ന ഒരു വരിപോലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും പി. ശശിയും കണക്കുക്കൂട്ടി. ഒരു അന്വേഷണം നടക്കുമ്പോൾ ആ അന്വേഷണാദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിയാണ് അജിത് കുമാറിന് അനുകൂലമായി മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ കണക്കുകൂട്ടലുകൾ തെറ്റി. എങ്ങനെ അന്വേഷിച്ചാലും പൂരം കലക്കലിൽ അജിത് കുമാറിന്റെ ബന്ധം ഒഴിവാക്കാനാകില്ല. ഇപ്പോൾ ഒരു തീരുമാനവുമില്ല. ആ റിപ്പോർട്ട് പ്രകാരം അജിത് കുമാറിനെ സസ്പെൻഡ് ചെയ്യേണ്ടി വരും. അജിത് കുമാറിനെയും ശശിയെയും തൊട്ടാൽ എന്തു സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്കറിയാം. താൻ ചെന്നൈയിൽ പോയി എന്നത് ശരിയാണ്. അതിൻ്റെ പേരിൽ എന്തെല്ലാം പുകിലാണ്? ഡി.എം.കെ. നേതാവിനെ താൻ കണ്ടു. പിന്നെ ആർ.എസ്.എസിന്റെ കേന്ദ്രത്തിൽ താൻ പോകണോ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാൾ ഇന്ന് ചെന്നൈയിലേക്ക് രാവിലെ പോയി. എം.കെ. സ്റ്റാലിനെ ബന്ധപ്പെടാൻ ശ്രമിച്ച് തനിക്കെതിരെ പറഞ്ഞു.
പല ഓഫീസുകളിലും പൊതുപ്രവർത്തകരെ അടുപ്പിക്കുന്നില്ല. 8 വർഷമായുള്ള പിണറായിയുടെ നയമാണിത്. സർക്കാർ ഓഫീസുകൾ അഴിമതിയുടെ കൂത്തരങ്ങുകളായി. ഞാൻ കത്ത് കൊടുത്തിട്ടില്ലെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. തനിക്ക് എ.കെ.ജി. സെന്ററിന്റെ അലമാര കുത്തിതുറക്കാനാകില്ല. കളവ് പറയുന്നതിന് ഒരു പരിധി വേണ്ടേ? ഇഞ്ചോടിഞ്ച് കമ്യൂണിസ്റ്റ് പ്രവർത്തകരോടൊപ്പം നിന്നതിന് പതിനായിരക്കണക്കിന് ശത്രുക്കൾ നനിക്കുണ്ടായന്നും അൻവർ പറഞ്ഞു.
