മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിലാണ്. പിണറായി വിജയനെ അന്വേഷണം ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി വണ്ടൂരിൽ ചോദിച്ചു. ഇത് ആദ്യമായി ആണ് രാഹുൽ മുഖ്യമന്ത്രിയെ നേരിട്ട് ഇത്ര ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്.
സിപിഎമ്മിനെതിരെ ഇതുവരെ ഉന്നയിക്കാത്ത അത്ര ശക്തമായ വിമർശനങ്ങൾ ആണ് രാഹുൽഗാന്ധി വണ്ടൂരിൽ ഉന്നയിച്ചത്. ഇ ഡി അഞ്ചു ദിവസം ചോദ്യം ചെയ്തത് തനിക്ക് മെഡൽ ലഭിച്ച പോലെയാണ് കരുതുന്നത്. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ചോദിച്ചു. “ബിജെപിയെ എതിർക്കുന്നവർ ചോദ്യം ചെയ്യപ്പെടുക ആണ് ഇവിടെ. എതിർക്കുന്നവർ എല്ലാം ഇ.ഡി യെ നേരിടേണ്ടി വരും. തന്നെ 5 ദിവസം ആണ് ഇ.ഡി ചോദ്യം ചെയ്തത്. അതിനെ ഞാൻ ഒരു മെഡൽ ആയി ആണ് കാണുന്നത്. എന്തിന് അഞ്ചിൽ നിർത്തി 10 ദിവസം ആക്കാമായിരുന്നു ചോദ്യം ചെയ്യൽ”- രാഹുൽ പറഞ്ഞു.
” എന്നാൽ എന്ത് കൊണ്ടാണ് കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്നാണ് ഞാൻ ചോദിക്കുന്നത്. എന്ത് കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആയ ഇ.ഡി, സിബിഐ ഒന്നും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. എന്ത് കൊണ്ട് അദ്ദേഹം ഇത് വരെ ചോദ്യം ചെയ്യപ്പെട്ടില്ല. കാരണം ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിൽ ആണ്. ബിജെപി വളരെ സന്തോഷത്തിൽ ആണ് ഇവിടെ”- രാഹുൽ പറഞ്ഞു.
