തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിലവിലെ ഗുരുതരമായ കോവിഡ് സാഹചര്യത്തിന് കാരണക്കാർ ആളുകളെ കൂട്ടം കൂടി സമ്മേളനം നടത്തിയ സിപിഎമ്മും അതിന് ഒത്താശ ചെയ്ത ജില്ലാ ഭരണകൂടവുമാണെന്ന് എം.വിൻസെന്റ് എം.എൽ.എ ആരോപിച്ചു. ടിപിആർ 30 ശതമാനത്തിന് മുകളിൽ എത്തിയ ജില്ലയിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇറക്കിയ സർക്കാർ ഉത്തവുകൾ പോലും ത്യണവത്ഗണിച്ചുകൊണ്ട് സിപിഎം മുന്നൂറോളം പ്രതിനിധികളെ ഉൾപ്പെടുത്തി സമ്മേളനം നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം.എൽ.എ പറഞ്ഞു. സ്വന്തം ഉത്തരവുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ പോലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടു.
പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും നൂറ്റമ്പത് മുതൽ മുന്നൂറ് വരെ ആളുകൾ പങ്കെടുക്കുന്ന കുടുംബശ്രീ തിരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഈ ഗുരുതരമായ സാഹചര്യത്തിൽ പോലും സ്കൂൾ അടയ്ക്കാതെയിരിക്കുന്നത് വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും അധ്യാപകരേയും കോവിഡിന്റെ ഇരയാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ ബ്രാഞ്ച്, ലോക്കൽ, ഏര്യാ ജില്ലാ തലങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ സമ്മേളനങ്ങളാണ് സിപിഎം ജില്ലയിൽ നടത്തിയത്, ഇതിലെല്ലാം വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്.
ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടക്കുന്ന സമ്മേളനം നിർത്തി വയ്പ്പിക്കാനോ നിയമപരമായ നടപടികൾ സ്വികരിക്കാനോ തയ്യാറാകാത്ത പോലീസ് ഉദ്യോഗസ്ഥർ അതിന് സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. ഒടുവിൽ സ്ഥലം സിഐയും, എസ്ഐയും ഉൾപ്പെടെയുള്ള പോലീസുകാർക്ക് സമ്മേളന സ്ഥലത്ത് നിന്നും കോവിഡ് പിടിപെടുന്ന നിലയാണുണ്ടായത്. കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട സെക്ട്രൽ മജിസ്ട്രേറ്റ്, താലൂക്ക്/ജില്ലാ ഭരണകൂടങ്ങൾ, ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ ക്യത്യനിർവഹണത്തിന് വീഴ്ച വരുത്തിയതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
