
പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളിൽ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളിൽ നിന്നും നീക്കിയത്. സോഷ്യൽ മീഡിയ കോർഡിനേറ്റർ പദവിയാണ് രമ്യയ്ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്.
മഹിളാ അസോസിയേഷൻ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നൽകിയിരുന്നത്. പരാതി പാർട്ടിയിൽ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചർച്ച ചെയ്യാൻ ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തിൽ നടന്നത്. എന്നാൽ യോഗശേഷം സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി നൽകുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. മുൻപ് ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തിലാണ് വനിതാ നേതാവ് യുവതിയെ ജാത്യാധിക്ഷേപം നടത്തിയത് എന്നാണ് പരാതി.
