തിരുവനന്തപുരം: സിപിഐഎം 23 -ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനം 14,15,16 തീയതികളില്‍ നടക്കും. 14ന് രാവിലെ പാറശാല ഗാന്ധി പാര്‍ക്കില്‍ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം രാവിലെ പത്തിന് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി. ജയരാജന്, എംവി. ഗോവിന്ദന്, കെ.കെ. ശൈലജ, എ.കെ. ബാലന്, പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദന്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും സമ്മേളനത്തിലും പങ്കെടുക്കും.
പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി പൊതു ചര്‍ച്ച, മറുപടി, അഭിവാദ്യ പ്രസംഗങ്ങള്‍ എന്നിവയുണ്ടാകും. 16 ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. 16ന് വൈകിട്ട് നാലിന് ചെറുവാരക്കോണം സിഎസ്ഐ ഗ്രൗണ്ടില്‍ ചേരുന്ന പൊതു സമ്മേളനം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പൊതുയോഗത്തില്‍ സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കുക. വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിന് സമീപം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം തയ്യാറാക്കിയ വേദിയിലായിരിക്കും സമ്മേളനം നടക്കുക.
=================================================================================
സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്
http://bit.ly/SubToStarvisionNews
=================================================================================
ഡിസംബര്‍ 28ന് ആരംഭിച്ച മാദ്ധ്യമ സെമിനാറോടെയായിരുന്നു ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ആരംഭിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത സെമിനാറുകളും സമ്മേളനങ്ങളും സിമ്പോസിയങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നു. കര്‍ഷക സമരത്തിന്റെ വിജയവും തുടര്‍ പ്രവര്‍ത്തനങ്ങളും വിശദമാക്കിയ, ദേശീയ കര്‍ഷക സമര നേതാക്കള്‍ പങ്കെടുത്ത കര്‍ഷക മഹാപഞ്ചായത്ത് വന്‍ ജനപ്രാതിനിധ്യം കൊണ്ട് ചരിത്ര സംഭവമായി മാറി. ബാല പ്രതിഭകള്‍ മാറ്റുരച്ച ശാസ്ത്രോത്സവും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ തലങ്ങളില്‍ മത്സരിച്ചെത്തിയ പ്രതിഭകളുടെ കഴിവുകള്‍ മാറ്റുരച്ച വേദി അറിവിന്റെ ഉജ്ജ്വല പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. പരമ്പരാഗത കലാരൂപങ്ങള്‍ അടക്കമുള്ള പ്രകടനങ്ങളും വിവിധ വേദികളില്‍ അരങ്ങേറി. സെമിനാറുകളില്‍ വിവിധ സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാണ് നടന്നത്. വിവിധ മേഖലകളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും കഴിഞ്ഞു. കായിക മത്സരങ്ങളില്‍ ജില്ലയിലെ യുവ പ്രതിഭകള്‍ മാറ്റുരച്ചു. വാശിയേറിയ മത്സരങ്ങളായിരുന്നു നടന്നത്.
പതാക ദിനത്തിന്റെ ഭാഗമായി പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട, കോവളം, നേമം ഏരിയാ കമ്മിറ്റി പ്രദേശങ്ങളിലെ വീടുകള്‍ പതാക ഉയര്‍ത്തുന്നതിനൊപ്പം ഫല വൃക്ഷ തൈകളും നട്ടു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പതാക ഉയര്‍ത്തുകയും ഓഫീസ് വളപ്പില്‍ ഫലവൃക്ഷ തൈ നടുകയും ചെയ്തു. അന്‍പതിനായിരത്തോളം ഫലവൃക്ഷങ്ങളാണ് പതാകദിനത്തില്‍ നട്ടത്. ജില്ലയിലൊട്ടാകെ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തുകയും ജില്ലാ സമ്മേളന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന എല്ലാ പരിപാടികളിലുമുണ്ടായ ജന പ്രാതിനിധ്യം സിപിഐഎമ്മിന്റെ വര്‍ദ്ധിച്ച പിന്തുണയാണ് വ്യക്തമാക്കുന്നത്. സമ്മേളനത്തോടെ കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ ശക്തമായ പ്രസ്ഥാനമായി സിപിഐഎം മാറുമെന്ന് വ്യക്തമാകുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.