തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം.
ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും യോഗത്തിൽ പരാമർശമുണ്ടായി. പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. ഉദുമയിൽ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉൾപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.
