ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡിനെ അംഗീകരിച്ച് 16 യൂറോപ്യൻ രാജ്യങ്ങൾ. ഇതിൽ 13 എണ്ണം യൂറോപ്യൻ യൂണിയനിൽപെടുന്ന രാജ്യങ്ങളാണ്. ഫ്രാൻസും ശനിയാഴ്ച കൊവിഷീൽഡിനെ അംഗീകരിച്ചതോടെയാണ് വാക്സിൻ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ എണ്ണം 16 ആയി ഉയർന്നത്.
സഞ്ചാരികൾക്കുളള നല്ല വാർത്തയെന്ന് പറഞ്ഞ് ട്വിറ്ററിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ കൂടിയായ അദാർ പൂനവാലയാണ് വിവരം പങ്കുവെച്ചത്. അന്താരാഷ്ട്ര സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകാൻ 16 യൂറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഓരോ രാജ്യങ്ങളിലെയും പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുമെന്നും ഇക്കാര്യം വിശദമായി വായിച്ച് ഉറപ്പു വരുത്തിയ ശേഷം വേണം യാത്രയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊവിഷീൽഡിനും കൊവാക്സിനും അംഗീകാരം നൽകാൻ ഇന്ത്യയും യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം പേർ് സ്വീകരിക്കുന്നത് ഈ രണ്ട് വാക്സിനുകളുമാണ്. അതുകൊണ്ടു തന്നെ വാക്സിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ ഇവിടെ നിന്നുളളവർക്ക് ഈ രാജ്യങ്ങളിൽ പ്രവേശനം ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയത്.
ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലൻഡ്, അയർലൻഡ്, ലത്വിയ, നെതർലൻഡ്സ്, സ്പെയിൻ, സ്ലൊവേനിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഷീൽഡ് നിലവിൽ അംഗീകരിച്ചത്.