തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേർക്കെതിരെ കേസ് എടുത്തുയെന്നാണ്. ഇതിൽ ഏറെ കേസുകളും മാസ്ക്ക് വെക്കാത്തതിനാണ്. ഇത്തരത്തിൽ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സർക്കാർ സാധാരണക്കാരിൽ നിന്നും പിഴയായി ഈടാക്കുന്നത്.
നിയമ ലംഘനത്തിനു കേസ് എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ പരസ്യമായി സിപിഎംപാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നത്. സാധാരക്കാരായ ജനങ്ങൾക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണ്. പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പോലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ ജാഗ്രത കാട്ടണം.
കഴിഞ്ഞ സർക്കാർ കോവിഡിൻ്റെ മറവിൽ തീവെട്ടി കൊള്ള നടത്തിയപ്പോൾ അതിനെതിരെ കോവിഡ് മാനദണ്ഡം പാലിച്ച് സമര നടത്തിയവരെ മരണത്തിൻ്റെ വ്യാപാരികൾ എന്നാണു അന്നത്തെ അന്തി പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എല്ലാപേരും ഓർക്കുന്നുണ്ടാവും. നിയമം എല്ലാപേർക്കം ബാധകമാണു അല്ലാതെ നിയമലംഘനത്തിൻ്റെ പേരിൽ സാധാരക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.