ന്യൂഡൽഹി: ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കൊവിഡ് തിരിച്ചുവരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്ത് നിന്ന് വരുന്നവരിലൂടെ രോഗം പടരുന്നത് തടയുന്നതിനാണിത്.
കോവിഡ് വ്യാപനവും പ്രതിരോധ നടപടികളും അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്.