തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയേറി. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ മറ്റന്നാൾ കൊവിഡ് അവലോകന യോഗം ചേരും .മുഖ്യമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കും.
നിലവിൽ സെക്രട്ടറിയേറ്റ് , കെഎസ്ആർടിസി , പൊലീസ് അടക്കം ഇടങ്ങളിൽ കൊവിഡ് വ്യാപനം തീവ്രമാണ്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കിടത്തി ചികിൽസ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്. നിലവിലെ അവസ്ഥയിൽ രോഗ വ്യാപനം തീവ്രമാവുകയും ആശുപത്രികൾ നിറയുകയും ചെയ്താൽ അത് ആരോഗ്യ സംവിധാനത്തെ തകിടം മറിക്കും . വിദഗ്ധ ചികിൽസയ്ക്ക് തടസം നേരിടുന്ന സാഹചര്യവും ഉണ്ടാകും.
ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളിൽ ഏകദേശം 60161 വർധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയിൽ കൂടുതൽ രോഗികൾ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
