മുബൈ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഡോംബിവ്ലി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും ഒമൈക്രോൺ വേരിയന്റാണോ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ 24 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹിയിലെത്തിയ ഇയാൾ പിന്നീട് മുംബയിലേക്ക് പോവുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും അവരെല്ലാം നെഗറ്റീവാണ്. രോഗിയുമായി ബന്ധമുളള മറ്റുള്ളവരെയും ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും.
കഴിഞ്ഞ ശനിയാഴ്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ രണ്ടുപേർ കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ ബാധിച്ചത് ഒമൈക്രോൺ അല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇന്ത്യയിൽ ഇതുവരെ ആർക്കും ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചിട്ടില്ല