മനാമ: രാജ്യത്ത് കോവിഡ്-19 വ്യാപനത്തിന്റെ തോത് നിരീക്ഷിക്കുന്നതിനുള്ള ട്രാഫിക് ലൈറ്റ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇൻഡോർ, ഔട്ട്ഡോർ ഏരിയകളിൽ മാസ്ക് ധരിക്കുന്നത് ഓപ്ഷണലാണെന്ന് മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് (മാർച്ച് 28) മുതൽ പ്രാബല്യത്തിൽ വരും.
ആവശ്യം വരുമ്പോഴെല്ലാം അലേർട്ട് ലെവലുകൾ വീണ്ടും സജീവമാക്കുമെന്ന് കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ചു. ആരോഗ്യ സ്ഥാപനങ്ങൾ അവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് മാസ്ക് ധരിക്കണമെന്ന് ദേശീയ മെഡിക്കൽ ടീം അറിയിച്ചു. പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും കൂടുതൽ അപകടസാധ്യതയുള്ള ആളുകളെ പരിപാലിക്കുമ്പോഴും മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഉദ്ബോധിപ്പിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾക്ക് മുൻകൈയെടുത്തും പുരോഗമനപരമായ പദ്ധതികളും പ്രോട്ടോക്കോളുകളും നടപ്പിലാക്കി വിവിധ തലങ്ങളിൽ അതിന്റെ ഫലപ്രാപ്തിയും വിജയവും തെളിയിച്ചതായി ദേശീയ മെഡിക്കൽ ടീം സ്ഥിരീകരിച്ചു.