ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസാമി. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ പനീർശെൽവവും മറ്റുള്ളവരും സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രമേയം ഉൾപ്പെടെയുള്ളവയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതി തള്ളിയത്.
എടപ്പാടിക്ക് അനുകൂലമായ വിധി വന്നതോടെ പാർട്ടി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം നടന്നു. വിധി അനുകൂലമായതോടെയാണ് എടപ്പാടി പളനിസാമിയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഹർജികളിൽ വിധി വരുന്നതുവരെ കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്നത് കോടതി തടഞ്ഞിരുന്നു. വിധി അനുകൂലമായതോടെയാണ് എടപ്പാടിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ പനീർസെൽവം പക്ഷം രണ്ടംഗ ബെഞ്ചിന് അപ്പീൽ നൽകുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജൂലൈ 11ന് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പനീർസെൽവത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച നിയമപോരാട്ടമാണ് ഇപ്പോൾ എടപ്പാടിക്ക് അനുകൂലമായ വിധിയിലെത്തിയിരിക്കുന്നത്.