
മനാമ: ബഹ്റൈനില്‍ യുവതിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിദേശികളായ ദമ്പതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.
ഇരയായ യുവതിയെ നാട്ടിലേക്കയയ്ക്കാനുള്ള ചെലവ് ഇവര്‍ വഹിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വനിതാ ഹെയര്‍ ഡ്രസ്സിംഗ് സലൂണിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് യുവതിയെ നാട്ടില്‍നിന്ന് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ ഇവര്‍ യുവതിയുടെ പാസ്പോര്‍ട്ട് വാങ്ങിവെച്ചു. പിന്നീട് ഫ്ളാറ്റില്‍ പൂട്ടിയിട്ട് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്സില്നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് കേസെടുത്തത്. വൃദ്ധയായ മാതാവിനെ സംരക്ഷിക്കാനാണ് താന്‍ ജോലിക്ക് വന്നതെന്ന് യുവതി കോടതിയില്‍പറഞ്ഞു.
