തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലും (കെസിഎച്ച്ആർ) ലൈഡന്‍ സര്‍വകലാശാലയും നെതര്‍ലണ്ടിലെ നാഷണല്‍ ആര്ക്കൈയ്വ്സുമായി സഹകരിച്ചുകൊണ്ടുള്ള ‘കോസ്മോസ് മലബാറിക്കസ്’ ഗവേഷണപദ്ധതിയ്ക്ക് ഏപ്രിൽ 21 വ്യാഴാഴ്ച ധാരണാപത്രം ഒപ്പിടും. മുഖ്യമന്ത്രി പിണറായി വിജയന്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു, നെതര്‍ലണ്ട് അംബാസിഡര്‍ മാര്ട്ടിന് വാന്‍ ടെന്‍ ബെര്‍ഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിടുക. ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലാണ് ചടങ്ങ്.
അന്താരാഷ്ട്ര സാംസ്കാരിക നയത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം ശക്തിപ്പെടുത്താൻ വിഭാവനംചെയ്ത ‘സാംസ്കാരിക പൈതൃകപദ്ധതി’യുടെ ഭാഗമാണ് പദ്ധതി. കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറുമായി ബന്ധപ്പെട്ട ആധുനിക പ്രാരംഭകാല (1643-1852) രാഷ്ട്രീയവും സാമൂഹിക-സാമ്പത്തിക- സാംസ്കാരിക ചരിത്രവിവരങ്ങളുമടങ്ങിയ പതിനെട്ടാംനൂറ്റാണ്ടിലെ പുരാരേഖാ ഉപദാനങ്ങളാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന ഡച്ച് ഭാഷാലിപിയിലായിരുന്നതിനാല് ഇവയില്‍ പലതും ചരിത്രകാരന്മാര്ക്കും ഗവേഷകര്‍ക്കും ദുര്ഗ്രാഹ്യമാണ്. ഇരുസ്ഥാപനങ്ങളും ഈ അമൂല്യ ചരിത്രരേഖകളുടെ ഡിജിറ്റല്‍ രേഖകള്‍ കേരളത്തിലെവിടെയുമുള്ള പണ്ഡിതര്‍ക്ക് പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുന്നതിനുള്ള ചില കാര്യങ്ങളിലാണ് ധാരണയിലെത്തിയിട്ടുള്ളത്.
നിലവിലുള്ള ഡച്ച്- ഇംഗ്ലീഷ് ഭാഷകളിലെ ഡിജിറ്റല്‍ പുരാരേഖകളുടെ പട്ടികയും ഉള്ളടക്കവും വികസിപ്പിക്കുക, തെരഞ്ഞെടുത്ത ചരിത്രരേഖാ സ്ത്രോതസ്സുകള്‍ ട്രാന്‍സ്ക്രൈബ് ചെയ്തും വിവര്‍ത്തനം ചെയ്തും പ്രസിദ്ധീകരിക്കുക, വിദേശരാജ്യങ്ങളിലെ ഡച്ച് വികസനത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്നതിന് ഇന്ത്യന്‍ ആര്ക്കൈവിസ്റ്റുകള്ക്കും ചരിത്രകാരന്മാര്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പണ്ഡിതര്‍ക്കും സ്ത്രോതസ്സുകള്‍ (പാലിയോഗ്രഫി, എഫിഗ്രഫി ഉള്‍പ്പെടെയുള്ളവ) പരിചയപ്പെടാനുള്ള അവസരമൊരുക്കുക തുടങ്ങിയവയാണവ.
ആദ്യമൂന്ന് വര്‍ഷങ്ങളില്‍ കോസ്മോസ് മലബാറിക്കസ് പദ്ധതിയിലൂടെ തെരഞ്ഞെടുത്ത രണ്ട് കേരള വിദ്യാര്‍ഥികള്‍ക്ക് ലൈഡന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹിസ്റ്ററിയില്‍ ഡച്ച് ഭാഷാ പ്രാവീണ്യവും പാലിയോഗ്രഫിയും ഉള്‍പ്പെടുന്ന പതിനെട്ടുമാസക്കാല എം.എ. ഡിഗ്രി പഠനത്തിന് അവസരമൊരുക്കും. ഇവര്‍ അതിനടുത്ത രണ്ടുവര്‍ഷങ്ങളില്‍ കെ.സി.എച്ച്.ആര് ഫെല്ലോ ആയി (ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലയിലെയോ ലൈഡന്‍ സര്‍വകലാശാലയിലെയോ പി.എച്ച്.ഡിയുടെ ഭാഗമായി) പ്രവര്‍ത്തിക്കും. എം.എ പഠനത്തിന്റെ ഭാഗമായി നെതര്‍ലണ്ടിലെ നാഷണല്‍ ആര്ക്കൈയ്വ്സില് ഇന്റേണ്‍ഷിപ്പും ചെയ്യാനും സാധിക്കും.
ഇതൊടൊപ്പം ഡച്ച് ഗവേഷകര്‍ക്ക് ‘കോസ്മോസ് മലബാറിക്കസ്’ പദ്ധതിയില്‍ ഒരു അക്കാദമികകാലം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പിന് (4-6 മാസക്കാലം, മൂന്നുകൊല്ലങ്ങളിലും) കെ.സി.എച്ച്.ആര് അവസരമൊരുക്കും. വിദ്യാര്‍ത്ഥി-ഗവേഷക കൈമാറ്റ പരിപാടിയൊടൊപ്പം ഓരോവര്‍ഷവും കെ.സി.എച്ച്.ആറും ലൈഡന്‍ സര്‍വകലാശാലയും (നെതര്‍ലണ്ടിലെ നാഷണല്‍ ആര്ക്കൈയ്വ്സുമായി സഹകരിച്ചുകൊണ്ട് രണ്ടാഴ്ച്ചക്കാലം നീണ്ടുനില്‍ക്കുന്ന സമ്മര്‍സ്കൂള്‍ സംഘടിപ്പിക്കും. കേരളചരിത്രം, കേരളത്തെ സംബന്ധിക്കുന്ന ഡച്ച് ഉപദാനങ്ങള്‍ എന്നീ വിഷയങ്ങളിലാകും സമ്മർ സ്കൂൾ.
അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ രൂപത്തില്‍ സംഘടിപ്പിക്കപ്പെടുന്ന അവസാനവര്‍ഷ സമ്മര്‍സ്കൂളില്‍ പദ്ധതിയുടെ ഫലങ്ങള്‍ അവതരിപ്പിക്കും. പദ്ധതിയുടെ അവസാന മൂന്നുവര്‍ഷങ്ങളില്‍ കെ.സി.എച്ച്.ആറും ലൈഡന്‍ യൂണിവേഴ്സിറ്റി പ്രസ്സും സംയുക്തമായി അഞ്ച് പുരാരേഖാ സ്ത്രോതസ്സുകള്‍ വിവര്‍ത്തനം ചെയ്ത് (ഓണ്‍ലൈനായും അച്ചടിച്ചും) പ്രസിദ്ധീകരിക്കും.
പദ്ധതിയുടെ ചില ഘടകങ്ങളില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സഹായം പ്രയോജനപ്പെടുത്താനും ധാരണയായിട്ടുണ്ട്.