തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയൻ നിർദ്ദേശം നൽകിയത് ഗുജ്റാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുജ്റാത്ത് മോഡൽ നടപ്പിലാക്കുന്നതിനൊപ്പം അഴിമതി ധൂർത്തും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ മാത്രമേ ജനങ്ങൾക്ക് ഗുണമുണ്ടാവുകയുള്ളൂ. മൂന്ന് ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പരാജയപ്പെട്ട കേരള മോഡൽ ഉപേക്ഷിച്ച് വിജയിച്ച ഗുജ്റാത്ത് സംസ്ഥാനത്ത് നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണം. ഗുജറാത്ത് സർക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസിലാക്കി കേരളത്തിലും നടപ്പിലാക്കണം. അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയൻ പഠിക്കണം.
ഗുജ്റാത്തിലെ വികസന നേട്ടങ്ങൾ കേരളവും മാതൃകയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഒടുവിൽ ഗുജ്റാത്ത് മോഡൽ അംഗീകരിക്കേണ്ടി വന്നതിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നതാണ് ബിജെപിയുടെ നിലപാട്. കേരളം ആവശ്യപ്പെട്ടാൽ എന്ത് സഹായത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു.