മഹാമാരിയായ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 5000 കടന്നു. രോഗ ബാധയെ തുടർന്നു ലോകത്താകെ ഇതുവരെ 5043 പേർ മരിച്ചെന്നു വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,176 പേരാണ് മരിച്ചത്. ഇറ്റലിയിൽ 1106 പേരും ഇറാനിൽ 514 പേരും മരിച്ചു. 126 രാജ്യങ്ങളിലായി 1,34,300 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 17നു ചൈനയിലെ ഹ്യുബെ പ്രവിശ്യയിലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചതെന്നു ഇന്നു റിപ്പോർട്ടു പുറത്തുവന്നിരുന്നു.
ചൈനയിൽ വെള്ളിയാഴ്ച പുതുതായി എട്ട് പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്രൂഡോയ്ക്കു രോഗലക്ഷണമില്ല. എന്നാൽ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഓസ്ട്രേലിയയിലെ ആഭ്യന്തര മന്ത്രിക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് മന്ത്രി തിരികെയെത്തിയത് ഇന്ത്യയിൽ കോവിഡ് ബാധിച്ച് 2 പേർ മരിച്ചു.
കർണാടകയിലെ കലബുറഗിയിൽ തീർഥാടന വീസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ ആളും ഡൽഹിയിലെ ജനക്പുരിയിൽ ചികിത്സയിൽ ആയിരുന്ന 68കാരിയുമാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ആയി. ഇതിൽ 16 പേർ ഇറ്റാലിയൻ പൗരന്മാരാണ്. രാജ്യത്താകെ 42,000 പേർ നിരീക്ഷണത്തിലാണ്.