കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ രാജ്പുർ- സൊനാർപുർ നഗരസഭാ പരിധിയിൽ ലോക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്നിടങ്ങളിൽ തൃണമൂൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു.
മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്പുർ- സൊനാർപുർ നഗരസഭാ പരിധിയ്ക്ക് പുറമേ ബരൂയ്പൂർ നഗരസഭയിലും, ജയനഗർ, നരേന്ദ്രപൂർ, ബകുട്ടല എന്നിവടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടങ്ങളിൽ മൂന്ന് ദിവസത്തേക്ക് കടകൾ തുറക്കരുതെന്നാണ് നിർദ്ദേശം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
ഖരാപൂർ, അരംബാഗ്, മിഡ്നാപൂർ, ബാലുർഘട്ട് എന്നിവടങ്ങളിൽ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതുയിടങ്ങളിൽ എത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.
കഴിഞ്ഞ ആഴ്ച മുതലാണ് സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ ആരംഭിച്ചത്. ശരാശരി 600 ഓളം പുതിയ കേസുകളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത് ഇപ്പോൾ ആയിരത്തോടടുക്കുകയാണ്. വരും ദിവസങ്ങളിൽ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗാൾ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.