
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ ഇന്നലെ ലണ്ടനിൽ സ്വീകരിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് അവാര്‍ഡിനെ ചൊല്ലി സൈബറിടത്തിൽ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും സൈബര്‍ പോരാളികളും അനുമോദന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോള്‍ ട്രോളുകൾ എയ്ത് തകർക്കുകയാണ് എതിരാളികൾ. ഇന്ത്യൻ സംഘടന യുകെയിൽ വച്ച് നൽകിയ അവാർഡ് വാങ്ങാൻ സര്‍ക്കാര്‍ അനുമതിയോടെ നഗരസഭാ ചെലവിലാണ് മേയറുടെ യാത്ര.
”തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റിൽ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്, മേയര്‍ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നു.”- ഹൗസ് ഓഫ് കോമണ്‍സ്, യുകെ പാര്‍ലമെന്റ് എന്നെഴുതിയ വേള്‍ഡ് ഓഫ് ബുക്ക് ഓഫ് റെക്കോഡ്സിന്റെ പോസ്റ്റര്‍ സഹിതം അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് മുമ്പ് മേയര്‍ ആര്യാ രാജേന്ദ്രൻ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ. പിന്നാലെ സര്‍ട്ടിഫിക്കറ്റുമായി ആര്യ നിൽക്കുന്ന ഫോട്ടോയുമായി അഭിനന്ദന പോസ്റ്റുകള്‍ നേതാക്കളും സൈബര്‍ പോരാളികളും ഇട്ടു.
ഇന്ത്യാക്കാരന് സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ്. സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്ക് എടുത്ത നടത്തിയ ചടങ്ങിന് ഹൗസ് കോമൻസുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് സൈബറിടത്തിൽ ഉയരുന്നത്. കാശ് കൊടുത്ത വാങ്ങിയ പുരസ്കാരമെന്നതടക്കമുള്ള ട്രോളുകളാണ് എതിരാളികളുടേത്. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സിന്റെ കഴിഞ്ഞ 22 ലെ ക്ഷണപ്രകാരം മേയര്‍ക്ക് പോകാൻ അനുമതി നൽകുന്നുവെന്ന് വ്യക്തമാക്കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി സീഡ് ബോള്‍ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയ്ക്ക് കിട്ടിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വീകരിക്കാനാണ് അനുമതി. നഗരസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മേയര്‍ക്ക് വിമാന യാത്രയ്ക്കുള്ള അനുമതിയും യാത്രാ ചെലവ് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ അനുവാദം നൽകിയുമാണ് ഉത്തരവ്.
