സ്റ്റോക്ക്ഹോം: 2007 ൽ ഡ്രോയിംഗുകളുമായി ലോകമെമ്പാടും വിവാദങ്ങൾ സൃഷ്ടിച്ച സ്വീഡിഷ് കലാകാരൻ ലാർസ് വിൽക്സ് ഞായറാഴ്ച തെക്കൻ പട്ടണമായ മർകറിഡിന് സമീപം കാർ അപകടത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന് 75 വയസായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന പോലീസ് വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു. പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിനെ തുടർന്ന് തമൗലികവാദികളില് നിന്നും വധഭീഷണി നേരിട്ടിരുന്നു. 2007 ലാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍വരച്ച് വില്‍ക്സ് മതമൗലികവാദികളുടെ ഭീഷണിയ്ക്ക് ഇരയായത്. മുഹമ്മദ് നബിയെ ചത്ത നായയ്ക്കൊപ്പം ചേര്‍ത്തുവെച്ചായിരുന്നു വില്‍ക്സിന്റെ കാര്‍ട്ടൂണ്‍. കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതുമുതൽ, ജീവനുനേരെയുള്ള ഭീഷണിയെത്തുടർന്ന് വിൽക്സ് 24 മണിക്കൂറും പോലീസ് കാവലിലാണ് കഴിഞ്ഞിരുന്നത്. സാധാരണ വാഹനാപകടം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൊലപാതകത്തിനുള്ള സാദ്ധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.