കോഴിക്കോട് : കേരളത്തിൽ എല്ലാക്കാലവും വിവാദം സൃഷ്ടിച്ച് വികസനം മുടക്കുന്ന സമീപനമാണ് നടക്കുന്നത് എന്ന് എം.വി.ശ്രേയാംസ് കുമാർ എം.പി. കോഴിക്കോട് പ്രസ്സ് ക്ലബ് നടത്തിയ ‘തദ്ദേശീയം 2020’ പരിപാടിയിൽ പറഞ്ഞു. സോളാർ വിവാദം കൊണ്ട് സോളാർ പദ്ധതി മൂലമുള്ള വികസനമാണ് നിലച്ചത്. വിവാദങ്ങൾ കേരള വികസനത്തെയാണ് പിന്നിലാക്കുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഇപ്പോൾ സംസ്ഥാന സർക്കാരിന് എതിരെ നടക്കുന്ന അന്വേഷണങ്ങളും ഇതിൻ്റെ ഭാഗമാണ്.
കേരളത്തിൽ വലിയ വികസനത്തിന് വഴിയൊരുക്കിയ കിഫ്ബിയെ അനാവശ്യ വിവാദത്തിലേക്ക് തള്ളി വിട്ടശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ തെറ്റ് ചെയ്തു കാണും, അതിന് സർക്കാരിനെ ആകെ തകർക്കാനാണ് നീക്കം. ബി.ജെ.പി. അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറയുന്നതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ പരിശോധന. ഇതിൻ്റെ ഭാഗമാണ് ഏറ്റവും ഒടുവിൽ ഊരാളുങ്കലിന് എതിരായുള്ള അന്വേഷണം. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് അവിടെ നടന്ന പരിശോധന.