
മനാമ: മാമീർ ക്ലബ്ബിന് അഡ്മിനിസ്ട്രേറ്റീവ്, സർവീസ് കെട്ടിടം നിർമ്മിക്കാൻ ജനറൽ സ്പോർട്സ് അതോറിറ്റി(ജി.എസ്.എ)യും പങ്കാളികളും തമ്മിൽ കരാർ ഒപ്പുവെച്ചു.
ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് ഖലീഫ ബിൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ പങ്കെടുത്തു.
ജി.എസ്.എയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുറഹ്മാൻ സാദിഖ് അസ്കർ, ബാപ്കോ എനർജിസിനെ പ്രതിനിധീകരിച്ച് അഫാഫ് സൈനലാബെദിൻ, സരായ കോൺട്രാക്ടേഴ്സിനു വേണ്ടി മുഹമ്മദ് നജീബ് അൽ മൻസൂർ, മാമീർ ക്ലബ് ചെയർമാൻ അഹമ്മദ് ഇബ്രാഹിം അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ബഹ്റൈനിൽ സ്പോർട്സ് സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമത്തിനനുസൃതമായി ക്ലബ്ബിന്റെ ഭരണപരവും സംഘടനാപരവുമായ ആവശ്യങ്ങൾ നിറവേറ്റാനും പ്രദേശവാസികൾക്ക് സ്പോർട്സ്, സാമൂഹിക സേവനങ്ങൾ നൽകുന്നതിൽ അതിന്റെ പങ്കിനെ പിന്തുണയ്ക്കാനുമായുള്ള കെട്ടിടത്തിനു പുറമെ കാർ പാർക്കിംഗ് ഏരിയയും പദ്ധതിയിൽ ഉൾപ്പെടുന്നു.
