തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരായ കോൺഗ്രസ് പ്രതിഷേധം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന വിഡി സതീശൻ ഡൽഹിയിൽ അതിനെ എതിർക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അഴിമതിയേയും കള്ളപ്പണം വെളുപ്പിക്കലിനെയും അനുകൂലിച്ച് പരസ്യമായി സമരം ചെയ്യുന്ന കോൺഗ്രസുകാർക്ക് പിണറായി വിജയനെ എതിർക്കാനുള്ള ധാർമ്മിക അവകാശമില്ല. രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണെന്നും നമ്മൾ സമാന ദുഖിതരാണെന്നും പിണറായി വിജയൻ വിഡി സതീശനെ കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പര സഹകരണ മുന്നണികളാണ്. രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടേയും അഴിമതി കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനത്തിലായതും ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയനെതിരെ ബിജെപി സമരം ശക്തമാക്കും. എന്നാൽ കോൺഗ്രസും സിപിഎമ്മും അക്രമം നടത്തി സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യസമരത്തെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമം അപലപനീയമാണ്. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം കെ.സുരേന്ദ്രൻ രേഖപ്പെടുത്തി. നാളെ മുതൽ 22 വരെ ബിജെപി സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
