ചണ്ഡീഗഢ്: കോൺഗ്രസ് എം.എൽ.എൽ ശുഖ്പാൽ സിങ് ഖൈറയെ ലഹരിക്കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പഴയ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇന്ന് പുലർച്ചെയോടെ ചണ്ഡീഗഢിലെ വീട്ടിൽ ജലാൽബാദ് പോലീസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. രാഷ്ട്രീയ പ്രേരിതമായി കേസ് ആണെന്ന് ഖൈറ ആരോപിച്ചു. എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എട്ട് വർഷം മുമ്പുള്ള ലഹരിക്കേസിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത് എന്ന് ശുഖ്പാൽ സിങ് ഖൈറയുടെ ഫെയ്സ്ബുക്കിൽ പേജിൽ പങ്കുവെച്ച ദൃശ്യങ്ങൾക്ക് അടിക്കുറിപ്പായി മകൻ മെഹ്താബ് സിങ് ഖൈറ കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് അറസ്റ്റ് എന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്.