ന്യൂഡൽഹി: ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പി. സി. വിഷ്ണുനാഥിനും എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാനും തെലങ്കാനയുടെ ചുമതല നൽകി. ദീപക് ബാബരിയ്ക്ക് ഹരിയാന, ഡൽഹി സംസ്ഥാനങ്ങളുടെ ചുമതല നൽകി. പി.സി.സി അദ്ധ്യക്ഷൻമാരിലും മാറ്റമുണ്ട്. ശക്തിസിംഗ് ഗോഹിലിനെ ഗുജറാത്ത് പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചു. വി. വൈത്തിലിംഗ് പുതുച്ചേരി പി.സി.സി അദ്ധ്യക്ഷനാകും. വർഷ ഗെയ്ക്വാദ് മുംബയ് ആർ.സി.സി അദ്ധ്യക്ഷയാകുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.
അതേസമയം കേരളത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്, : പുനസംഘടനാ വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നീക്കം ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തയോഗം ചേർന്നത് ഇതിന് തെളിവായാണ് വിലയിരുത്തുന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ യോജിച്ച് നീങ്ങാനും ഗ്രൂപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. എ,ഐ ഗ്രൂപ്പുകൾ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുന്നു എന്നും റിപ്പോർട്ടുണ്ട്.
രമേശ് ചെന്നിത്തല, എം എം ഹസ്സൻ, കെ സി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, എം കെ രാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.എന്നാൽ പാർട്ടിക്കകത്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ ചെറിയ കാറ്റാണെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർക്കുമെന്നും അദ്ദേഹം പറഞ്ഞു.