
അഹമ്മദാബാദ്: കനത്ത ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
അഹമ്മദാബാദിലെ സാബര്‍മതി നദീതീരത്ത് വെച്ചാണ് കോണ്‍ഗ്രസിന്റെ കണ്വെന്ഷന് നടക്കുന്നത്. മഹാത്മ ഗാന്ധി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഉപ്പുസത്യാഗ്രഹം തുടങ്ങിയ സ്ഥലം കൂടിയാണ് സാബര്‍മതി തീരം. ഇവിടെ ന്യായ്പഥ്: സങ്കല്പ്, സമര്‍പണ്‍, സംഘര്‍ഷ് (നീതിയുടെ പാത: ദൃഢനിശ്ചയം, പ്രതിബദ്ധത, പോരാട്ടം) എന്ന പേരിലാണ് പാര്‍ട്ടി സമ്മേളനം നടക്കുന്നത്. ഏപ്രില്‍ ഒന്‍പതിന് അവസാനിക്കുന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
