ശക്തനായ നേതാവും മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന തമ്പാൻജിയുടെ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. ‘പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ നമ്മെ വിട്ടുപിരിഞ്ഞു. കാൽ വഴുതി കുളിമുറിയിൽ വീണതിനെ തുടർന്നായിരുന്നു മരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി മുൻ പ്രസിഡന്റ്, ചാത്തന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നു’എന്ന് ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹം ഇന്ന് വൈകുന്നേരം വീടിന്റെ ശുചിമുറിയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വീട്ടിലുള്ളവർ നോക്കിയപ്പോൾ അദ്ദേഹം ശുചിമുറിയിൽ
വീണു കിടക്കുകയായിരുന്നു. അടുത്തുള്ള ഡോക്ടറെ വിളിച്ചാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റായിരിക്കെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.