
തിരുവനന്തപുരം: ആശ സമരം തീർക്കാൻ മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണം എന്ന നിലപാട് കോൺഗ്രസിന് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വെച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണെന്ന് സമര സമിതി നേതാവ് മിനി ആരോപിച്ചിരുന്നു. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. മുൻധാരണയോടെയാണ് ആർ ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്ന് ഇപ്പോൾ അവർ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി.
എന്നാൽ ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎൻടിയുസിയല്ല, സിഐടിയുവാണെന്നും അദ്ദേഹം പറഞ്ഞു.
