കോഴിക്കോട്: കോഴിക്കോട്ട് നാളെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന് വിലക്ക്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ ആര്യാടന് ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി നിര്‍ദേശിച്ചു. കെപിസിസിയുടെ കടുത്ത വിലക്ക് അവഗണിച്ച് ആര്യാടന് ഷൗക്കത്ത് പലസ്തീന് ഐക്യദാര്‍ഢ്യ സദസ് നടത്തിയതാണ് നടപടിക്ക് കാരണം. പാര്‍ട്ടിയെ ധിക്കരിച്ചെന്നും ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്നുമായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന തരത്തിലായിരുന്നു അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട്. കര്‍ശന താക്കീത് മതിയെന്നായിരുന്നു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ന്ന് കെപിസിസിയില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരുന്നു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ആര്യാടന് ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. എന്നാല്‍ പരിപാടി സംഘടിപ്പിച്ചത് നിലപാടിന്റെ ഭാഗമായെന്നായിരുന്നു ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചത്.