ആലപ്പുഴ: സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടം മറികടക്കാനാണ് അദ്ദേഹം എസ്എഫ്ഐക്കാരെ ഉപയോഗിച്ച് അക്രമം നടത്തിയതെന്നും ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ആസൂത്രിതമായ നീക്കമാണിത്. എന്നാൽ സിപിഎമ്മിന്റെ വലയിൽ കോൺഗ്രസ് വീണിരിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിച്ച രീതിയിൽ സംസ്ഥാനം മുഴുവൻ തെരുവ് സംഘർഷം നടക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സിപിഎമ്മുകാർ തകർത്തിട്ടും കോൺഗ്രസ് ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് രാഷ്ട്രീയ വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള അവസരം ഇടതുപക്ഷത്തിന് നൽകിയത് കോൺഗ്രസാണ്. സ്വർണ്ണക്കള്ളക്കടത്തും സ്വപ്നയുടെ മൊഴിയും ചർച്ച ചെയ്യാതെ രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് ചർച്ച മാറ്റാൻ കോൺഗ്രസുകാരുടെ നിലപാട് കാരണമായി.
രാഹുൽ ഗാന്ധിയെ പോലെയുള്ള ദയനീയമായ പ്രതിപക്ഷ നേതാവ് പനപോലെ തഴച്ച് വളരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓഫീസ് സിപിഎമ്മുകാർ തകർത്തതിന് ബിജെപിയെ പഴിക്കരുത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം രാഹുൽ ഗാന്ധിക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. രാഹുൽ ഗാന്ധിയെ ഇഡി വേട്ടയാടുകയാണെന്നാണ് സിപിഎം പറയുന്നത്. അഴിമതിയെ പിന്തുണയ്ക്കുന്ന പാർട്ടി എന്തിനാണ് രാഹുലിന്റെ ഓഫീസ് അടിച്ചുപൊളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് എതിരായുള്ള തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാണിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ രാജിവെക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കോഴിക്കോട് പോപ്പുലർ ഫ്രണ്ടുകാർ സിപിഎം പ്രവർത്തകനെ ആക്രമിച്ചു. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ പ്രതികളിൽ സിപിഎമ്മുകാരുമുണ്ട്. പകൽ സിപിഎമ്മും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമായ നിരവധി പ്രവർത്തകരാണ് സിപിഎമ്മിലുള്ളത്. അതുകൊണ്ട് സിപിഎമ്മിലെ തീവ്രവാദികളെ പുറത്താക്കുകയാണ് കോടിയേരി ചെയ്യേണ്ടത്.
ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതാണ് സംസ്ഥാനത്തെ വൈദ്യുതി ചാർജ് വർദ്ധനവെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. വിലക്കയറ്റത്തിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരന് ഇരുട്ടടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം ബസ് ചാർജ് വർദ്ധനവാണെങ്കിൽ ഇത്തവണ വൈദ്യുതി ചാർജ് വർദ്ധനവാണ് ഈ സർക്കാർ ജനങ്ങൾക്ക് നൽകിയത്. പാങ്ങളെ ദ്രോഹിച്ച് മാസാമാസം പുതിയ കാറുകൾ വാങ്ങി മുഖ്യമന്ത്രി ധൂർത്ത് നടത്തുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.