തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ്. ബുധനാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഷാഫി പറമ്പിലിന് പുറമേ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ അടക്കം മറ്റു നാലു നേതാക്കളും പ്രതികളാണ്. കണ്ടാലറിയാവുന്ന 150 പേരേയും കേസില്‍ പ്രതിചേര്‍ത്തു. കാല്‍നടയാത്രക്കാരുടേയും വാഹനങ്ങളുടേയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 143, 147, 149, 283 വകുപ്പുകളും കേരള പോലീസ് ആക്ടിന്റെ 39, 121 വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.
ബുധനാഴ്ച 12.45-ഓടെ പാളയം മാര്‍ട്ടിയേഴ്സ് കോളം ഭാഗത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഗവ. സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇടതുനേതാക്കളെ സുഖിപ്പിക്കാനാണ് പോലീസുകാരുടെ ശ്രമമെങ്കില്‍ മര്യാദയ്ക്ക് ശമ്പളം വാങ്ങില്ലെന്ന് ഷാഫി പറമ്പില്‍ പ്രസംഗിച്ചിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കഴുത്തിന് പിടിച്ചു തള്ളുന്നത് കണ്ടു. ക്ലിഫ് ഹൗസിലെ തമ്പ്രാക്കള്‍ക്ക് തത്സമയം കണ്ടു രസിക്കാനുള്ള നാടകമാണെങ്കില്‍ അത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ നെഞ്ചത്തേക്കുവേണ്ട. കൈവെട്ടും കാലുവെട്ടുമെന്നൊക്ക പറയുന്നത് ഞങ്ങളുടെ ശൈലിയല്ല. പക്ഷേ, നേരെ ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം വാങ്ങാനാകില്ലെന്നും ഷാഫി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലപ്രയോഗത്തിലൂടെ ജീപ്പിലേക്ക് കയറ്റിയ കന്റോണ്‍മെന്റ് സി.ഐ. ബി.എം. ഷാഫിക്കെതിരേയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.