പാലക്കാട് : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്ട് പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പോലീസ് ഓഫിസറുമായ അജീഷിനെ(28)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അജീഷ്. മാസങ്ങൾക്കു മുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അരീക്കോട് ക്യാമ്പിലെത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്.
ഇയാൾ മുമ്പ് മറ്റൊരു പെൺകുട്ടിയോടും മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


