തിരുവനന്തപുരം: പിസി ജോർജിനെതിരേയുള്ള പരാതി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നൽകിയത് പിന്നീടാണ് 164 മൊഴി നൽകിയത്. എട്ട് വർഷമായി പിസി ജോർജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. താൻ പിണറായി വിജയൻ ക്യാമ്പിന്റെ ആളല്ലെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
പരാതിയിൽ ഗൂഢാലോചന ഇല്ല. ഫെബ്രുവരിയിൽ നടന്ന സംഭവമാണിത്. യുഡിഎഫുകാരിൽ നിന്ന് ആരോപണങ്ങൾ വന്നപ്പോൾ മെന്ററായും രക്ഷകനുമായി എത്തിയ ആളിൽ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പിസി ജോർജിന്റെ അറസ്റ്റിന് പിന്നാലെ, പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പിസി ജോർജിനെ കുടുക്കുകയാണെന്നും ആരോപണങ്ങളുയർന്നിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാർ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പിസി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
