ന്യൂഡൽഹി: കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രശ്നം മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് ആര്. ബസന്തിനോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഗുരുതര വിഷയമാണെന്നും, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി സൂചന നല്‍കിയിട്ടുണ്ട്.
കൊവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കേന്ദ്ര ദുരന്ത നിവാരണ വിഭാഗം തീരുമാനിച്ചിരുന്നത്.