മുംബൈ: 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സാറ്റിലി തോമസിനെ (44) ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. 1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ കൈവശമുണ്ടായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബാഗിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയത്.
എത്യോപ്യയിലെ അഡ്ഡിസ് അബാദയിൽ നിന്നാണ് ഇയാൾ മുംബൈയിൽ എത്തിയത്. സാറ്റിലി മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. മയക്കുമരുന്ന് എത്തിക്കുന്നതിന് 1.5 ലക്ഷമാണ് ഇയാൾക്ക് ലഭിച്ചിരുന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തു. എൻഡിപിഎസ് നിയമപ്രകാരമാണു രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.