കൊച്ചി: സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ. നൽകിയ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്, മകൾ വീണ, സി.എം.ആർ.എൽ, എക്സാലോജിക് എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
ഇതുസംബന്ധിച്ച ഹർജി നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ കുഴൽനാടൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബു നോട്ടീസയച്ചത്.
സി.എം.ആർ.എല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതാണ് വിജിലൻസ് കോടതി തള്ളിയത്.
ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ട് രാഷ്ട്രീയപ്രേരിതമെന്നു പറയാൻ സാധിക്കില്ലെന്നും കുഴൽനാടൻ പറയുന്നു.
സി.എം.ആർ.എല്ലിനു നൽകിയ സേവനങ്ങളുടെ പ്രതിഫലമെന്ന നിലയിലാണ് എക്സാലോജിക്കിന് 1.72 കോടി കൈമാറിയിരിക്കുന്നത്. എന്നാൽ ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് ഈ പണം നൽകിയിരിക്കുന്നതെന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്ന്ന് ഈ വിഷയത്തിൽ എസ്.എഫ്.ഐ.ഒ. അന്വേഷണവും ഇ.ഡി. അന്വേഷണവും നടക്കുന്നുണ്ട്.
ഇ.ഡി. അന്വേഷണത്തിനെതിരെ സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും സമർപ്പിച്ച ഹർജികളും ഹൈക്കോടതിയിലുണ്ട്.