
തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് പൊതുജനപങ്കാളിത്തത്തോടെ ക്യാംപെയ്ന് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഴിമതി സാധ്യതയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കും. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നത് ഗുരുതരമായ കാര്യമാണ്. ഉദ്യോഗസ്ഥര്‍ കൈക്കൂലി സ്വീകരിച്ചാല്‍ അവരെ കുടുക്കാന്‍ വിജിലന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷന് സ്പോട് ട്രാപ്പിന്റെ ഫലമായി 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അഴിമതിക്കാരായ 36 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 14 റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ, പൊലീസ് വകുപ്പുകളില്‍നിന്ന് 4 വീതം ഉദ്യോഗസ്ഥര്‍ വനംവകുപ്പില്‍നിന്ന് രണ്ടു പേര്, വാട്ടര്‍ അതോറിറ്റി, മോട്ടര്‍ വാഹന വകുപ്പ്, റജിസ്ട്രേഷന് വകുപ്പുകളില്‍നിന്ന് ഓരോരുത്തല്‍ വീതവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിനു പുറമേ കൈക്കൂലി വാങ്ങിയ 4 ഏജന്റുമാരെയും അറസ്റ്റ് ചെയ്തു. ഡിജിറ്റലായി പണവും മദ്യവും കൈക്കൂലിയായി സ്വീകരിച്ചിട്ടുണ്ട്. അഴിമതിക്കാരായ ഏഴുന്നൂറോളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാന്‍ നാഷനല്‍ നാര്‍ക്കോട്ടിക്സ് ഹെല്പ്ലൈന് ടോള്‍ ഫ്രീ നമ്പര്‍ 1933ല്‍ ബന്ധപ്പെടണം. എഡിജിപിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെ നമ്പര്‍ – 94979 79794, 9497927797. പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ വാട്സാപ്പ് നമ്പര്‍ – 9995966666.
സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മത,സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗവും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഓണ്‍ലൈനായി ഇന്നു ചേര്‍ന്നിരുന്നു. ലഹരിവിരുദ്ധ ക്യാംപെയ്ന് അകമഴിഞ്ഞ പിന്തുണയാണ് എല്ലാവരും വാഗ്ദാനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ലഹരിവ്യാപനവും ഉപയോഗവും തടയുന്നതിനൊപ്പം കുട്ടികളില്‍ അക്രമോത്സുകത വളരുന്നത് ശാസ്ത്രീയമായി തടയുകയും വേണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. മത, സാമുദായിക സംഘടനകളും മറ്റും കൂട്ടായ്മകളില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കുന്നത് നന്നാവും. മതപഠനശാലകളില്‍ ലഹരിവിരുദ്ധ ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതു പരിഗണിക്കണം. രാഷ്ട്രീയപാര്‍ട്ടികളും ഇത്തരത്തില്‍ പ്രവര്‍ത്തനം സജീവമാക്കണം. ഒരാളെയും ലഹരിക്കു വിട്ടുകൊടുക്കില്ല എന്ന പൊതുബോധത്തോടെയുള്ള നിര്‍ദേശമാണ് യോഗങ്ങളില്‍ ഉയര്‍ന്നത്. എല്ലാവരുടെയും പിന്തുണയോടെ ജൂണില്‍ വിപുലമായ ക്യാംപെയ്ന് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളെയും യുവാക്കളെയും കൂടുതലായി ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കും. ഏപ്രില്‍ 8 മുതല്‍ 14 വരെ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി 927 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എംഡിഎംഎയും 77.12 കിലോ കഞ്ചാവും പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
