ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
“കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായത്. കേരളത്തിൽ പ്രായാധിക്യമുള്ളവർ അധികമായതും പകർച്ച വ്യാധികൾ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം തന്നെ പ്രത്യേകം എടുത്തുപറഞ്ഞു. അത്തരത്തിലുള്ള ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.”- മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
സിൽവർ ലൈൻ പദ്ധതി,സെമി ഹൈസ്പീഡ് പദ്ധതി എന്നിവ ചർച്ച ചെയ്തു. ശബരി റെയിൽപ്പാത വേഗത്തിലാക്കുമെന്നും 2815 കോടി പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്നും വ്യക്തമാക്കി. മാനദണ്ഡം പാലിച്ച് പുതുക്കിയ തലശ്ശേരി–മെസൂർ റെയിൽവേ ലൈനിനും അനുമതി തേടി. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തത് ശ്രദ്ധയിൽപ്പെടുത്തി. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സൗകര്യമൊരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കും അനുമതി തേടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടൻ അനുമതി നൽകാമെന്ന് ഉറപ്പുകിട്ടി. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.
സിറ്റി ഗ്യാസ് പദ്ധതി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊച്ചിയിലെ പെട്രോ കെമിക്കൽ പ്രൊജക്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അഭ്യർഥിച്ചു. ആവശ്യമായ തോതില്‍ പഠനം നടത്തി വേണ്ടകാര്യങ്ങള്‍ ചെയ്യാമെന്ന് കേന്ദ്രം സമ്മതിച്ചു. സെമി ഹൈസ്പീഡ് പദ്ധതിക്കുളള അന്തിമ അനുമതി റെയില്‍വെ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ വികസനത്തിന് എന്തുസഹായവും ചെയ്യാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തു.
