തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായാണ് ഈ മാസം 23 ന് മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നത്. ഇതിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുഭരണ വകുപ്പിന് കത്ത് നൽകി.
മേയ് 20 ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. ഈ വർഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു. നേരത്തേ ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയത്. യാത്രയിൽ ഭാര്യ കമലയായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ അനുഗമിക്കും, മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം അടുത്ത ദിവസങ്ങളിൽ വ്യക്തതത ലഭിക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് റദ്ദാക്കിയിരുന്നു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ അക്കൗണ്ട്സ് വിഭാഗം പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
