തിരുവനന്തപുരം : ചുമതലകളിൽ വീഴ്ച വരുത്തുന്ന അവസരത്തിൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവയുണ്ടായാൽ നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാൻ അനുമതിയുണ്ടാകണമെന്നാണ് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് കേരളം ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ വച്ചത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായമാണ് കേന്ദ്രം തേടിയത്. ഇതിൽ നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ടാണ് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചത്.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ ആവശ്യത്തിനോട് മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ സമയത്തും കേരളം അനുകൂലമായ ശുപാർശയാണ് നൽകിയിരുന്നത്. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലിയും മറ്റും സർക്കാരിനും ഗവർണർക്കുമിടയിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും.
