ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു മരണം. അപകടത്തിൽ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. എസ്ഡിആർഎഫിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു. മേഘവിസ്ഫോടനത്തിൽ ഹോന്‍സാർ ഗ്രാമത്തിൽ ഒമ്പത് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി കിഷ്ത്വാർ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ മരിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.
കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പരിക്കേറ്റവരെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. കിഷ്ത്വാർ ജില്ലയിലെ ഗുലാബ്ഗഡ് പ്രദേശത്താണ് ക്ലൗഡ് ബർസ്റ്റ് റിപ്പോർട്ട് ചെയ്തതെന്ന് കിഷ്ത്വാർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
അതേസമയം, തുടർച്ചയായ മഴയെത്തുടർന്ന് റാംബാൻ ജില്ലയിലെ ചെനാബ് നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദീതീരത്തിന് സമീപം എവിടെയും പോകരുതെന്ന് ജനങ്ങളോട് നിർദ്ദേശിക്കുന്നതായി രാംബാൻ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കേന്ദ്രത്തിന്റെ പൂർണ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി.
കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും ദുരിതബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാൻ പ്രാർത്ഥിക്കുന്നു, ”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജൂലൈ അവസാനം വരെ കിഷ്ത്വാറിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.