ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത ചൂട് മൂലമുള്ള മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 55 ശതമാനം വർദ്ധിച്ചതായി ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ പ്രത്യാഘാതങ്ങൾ ആരോഗ്യത്തെ കൂടുതൽ വഷളാക്കുകയാണ്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ, പകർച്ചവ്യാധികൾ, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം മൂലമുള്ള മരണങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിലും പാകിസ്താനിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉഷ്ണതരംഗത്തിൽ 30 മടങ്ങ് വർദ്ധനവുണ്ടായി. ഈ മാസങ്ങളിൽ 374 ലധികം സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത ചൂടിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഈ വർഷം 25 പേരാണ് മരിച്ചത്.
2015-2019 കാലയളവിൽ 3,775 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രക്തചംക്രമണം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, പകർച്ചവ്യാധികൾ എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളും ശിശുമരണവും ഉയർന്ന താപനിലയിൽ വർദ്ധിച്ചു. “വർദ്ധിച്ചുവരുന്ന മഴയും താപനിലയും വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു, കൂടാതെ തീവ്രമായ ഉഷ്ണതരംഗങ്ങൾ ഏഷ്യയിൽ മരണങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്,” റിപ്പോർട്ടിൽ പറയുന്നു.