ശ്രീനഗർ: ജമ്മു കശ്മീർ അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതായതായി റിപ്പോർട്ട്. രണ്ടു സൈനികർക്ക് പരിക്കേറ്റു. രണ്ട് കരസേനാ ഓഫീസർമാരും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനും വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് സൈനികനെ കാണാതായെന്ന വാർത്ത എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ 48 മണിക്കൂർ പിന്നിട്ടു.
19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർമാരായ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അനന്ദ് നാഗിലെ ഗഡോൾ മേഖലയിൽ ആരംഭിച്ച ഏറ്റുമുട്ടൽ രാത്രിയോടെ അവസാനിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതോടെ ബുധനാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചു. ഇതിനിടെ, ഉദ്യോഗസ്ഥർക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരും മരണത്തിന് കീഴടങ്ങി.