റിപ്പോർട്ട് : ടി. പി ജലാൽ
മലപ്പുറം : കേരളത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും, സാമൂഹ്യ സേവനങ്ങൾക്കും, മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്കുമായി പുതിയ ഒരു സേന ഇന്ന് നിലവിൽ വന്നു.കേരള അഗ്നി-രക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സേന ” സിവിൽ ഡിഫൻസ് ” എന്ന പേരിലാണ് അറിയപ്പെടുക. ഇന്ന് നടന്ന സംസ്ഥാന തല ഓൺലൈൻ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
വിയ്യൂരിലെ ഫയർ & റസ്ക്യൂ സർവ്വീസസ് അക്കാഡമിയിൽ വെച്ച് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ സന്ധ്യ ഐ.പി.എസ്, സിവിൽ ഡിഫൻസ് ഡയറക്ടർ സിദ്ധ കുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. ഓരോ അഗ്നി-രക്ഷാ നിലയത്തിനു കീഴിൽ അൻപത് പേർ അടങ്ങുന്നതാണ് സേന. നിലവിൽ ചില സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സിവിൽ ഡിഫൻസ് എന്ന ഈ സേന കേരളത്തിൽ രൂപീകരിച്ചെങ്കിലും കോവിഡ് മഹാമാരി കാരണം പരിശീലനം പൂർത്തീകരിച്ച് ഇന്നാണ് 2400 പേരടങ്ങുന്ന ആദ്യ ബാച്ച് പുറത്തിറങ്ങിയത്.രണ്ടാം ബാച്ചനുള്ള പരിശീലനം അഗ്നി-രക്ഷാ സേനയിൽ പുരോഗമിച്ചു വരുന്നു. 6500 ൽ പരം വരുന്ന സിവിൽ ഡിഫൻസ് സേനാംഗങ്ങൾ പ്രളയം, മറ്റ് ദുരന്തങ്ങൾ എന്നിവയെ അടി പതറാതെ നേരിടാനുള്ള ഒരു ജനകീയ സേനയായാണ് പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നത്.
മലപ്പുറം ജില്ലയിലെ അംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് മഞ്ചേരി അഗ്നി-രക്ഷാ നിലയത്തിൽ അഡ്വ. എം.ഉമ്മർ എം. എൽ. എ, പെരിന്തൽമണ്ണ സബ് കല ക്ടർ അഞ്ജു , ഡി. വൈ. എസ്. പി ദേവസ്യ,, മലപ്പുറം ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ എന്നിവർ സല്യൂട്ട് സ്വീകരിച്ചു.