തിരുവനന്തപുരം; തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബസിന്റെ സമയം ക്രമപ്പെടുത്തുന്നതിനും തമ്പാനൂർ , യൂണിവേഴ്സിറ്റി തുടങ്ങിയ ചില സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കുകൾ കൂടുതൽ ബസുകൾ വരുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്നുൾപ്പടെ പരിശോധിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി നടത്തിയ ട്രയൽ റൺ വിജയകരം. നിശ്ചയിച്ച സമയത്തിനകത്ത് തന്നെ സർവ്വീസുകൾ ഏറെക്കുറെ പൂർത്തിയായി. ഇന്നത്തെ ട്രയൽ റണ്ണിൽ നിന്നും ജീവനക്കാരുടെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തി വീണ്ടും റിഹേഴ്സൽ നടത്തും. ഞാറാഴ്ച വൈകിട്ട് 4 മുതൽ വൈകിട്ട് ആറ് മണി വരെ പുതിയതായി ആരംഭിക്കാൻ പോകുന്ന 90 സിറ്റി സർവ്വീസ് ലോഫ്ലോർ നോൺ എ.സി ബസുകൾ ഉപയോഗിച്ചാണ് ടൈമിംഗ് റിഹേൽസൽ നടത്തിയത്. ഗതാഗതമന്ത്രി ആന്റണി രാജുവും, സിഎംഡി ബിജുപ്രഭാകർ ഐഎഎസും നേരിട്ട് എത്തി തന്നെ ട്രയൽ റൺ വീക്ഷിച്ചു.
തിരുവനന്തപുരത്തെ സിറ്റി സർവ്വീസ് സർവ്വീസ് കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും കൂടുതൽ റൂട്ടുകളിലൂടെ സർവ്വീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിന് വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്ന ഈ സംരംഭമെന്ന് ട്രയൽ റൺ വിലയിരുത്തിയ ശേഷം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏഴ് സർക്കിളുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ ക്ലോക്ക് വെയിസായും, ആന്റി ക്ലോക്ക് വൈസായി അഞ്ചിലധികം ബസുകൾ ഒരേ ദിശയിലേക്ക് തന്നെ സർവ്വീസ് നടത്തുന്നതാണ് സർക്കുലർ സർവ്വീസ്.

അടുത്ത് വരുന്ന ഒരു ലോക്ഡൗൺ ദിവസത്തിലും അതിന് ശേഷം ഒരു തിരക്കുള്ള പ്രവർത്തി ദിനത്തിലും കൂടെ റിഹേഴ്സൽ നടത്തിയതിന് ശേഷമാകും അന്തിമമായ ഷെഡ്യൂൽ തയ്യാറാക്കുന്നത്. ഏത് സമയത്തും എപ്പോഴും യാത്ര ചെയ്യുന്നതിനുള്ള വൺ ഡേ ടിക്കറ്റ് ഗുഡ് ഡേ എന്ന പേരിൽ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. പ്രീ പെയ്ഡ് കാർഡ് മുഖേനയുള്ള കൺസഷൻ ടിക്കറ്റും സിറ്റി സർവ്വീസിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് സർവ്വീസ് നടത്തുന്ന ഓരോ പോയിന്റിലും 10 മിനിറ്റിനുള്ളിൽ ഇരുവശത്തേക്കും ബസുകൾ വരുന്ന രീതിയിലാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് ഒരു സർക്കിളിൽ നിന്നും അതിന്റെ ഇന്റർ ചെയ്ഞ്ച് പോയിന്റിൽ വെച്ച് മറ്റ് സർക്കിളിൽ കൂടി വരുന്ന ബസിൽ കയറിൽ കിഴക്കേകോട്ട മുതൽ , പേരൂർക്കട വരെയുള്ള ഭാഗങ്ങളിൽ എവിടെയുമുള്ള പ്രധാനപ്പെട്ട റോഡുകളിൽ ഇറങ്ങുവാൻ കഴിയും. ഉള്ളൂർ , മെഡിക്കൽ കോളേജ് തുടങ്ങിയ എവിടെയും എത്തിച്ചേരാനാകും. 10 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്, 10, 15, 20,25 അങ്ങനെ പരമാവധി 30 രൂപയാണ് ഈ സർവ്വീസുകളിലെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെയാണ് ഒരു ദിവസത്തേക്കുള്ള വൺ ഡേ ടിക്കറ്റും. വൺ ഡേ കാർഡ് നിരക്ക് 50 രൂപ.

54 ഓളം ബസുകൾ സിറ്റി സർക്കുലർ ബസുകൾ ഒരു മണിയ്ക്കൂറിനുള്ളിൽ എത്തുന്ന തമ്പാനൂരിലും, യൂണിവേഴ്സിറ്റിയിലും ഗതാഗക്കുരുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമയക്രമം പാലിക്കാനായത് കൊണ്ട് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.തമ്പാനൂർ , യൂണിവേഴ്സ്റ്റി എന്നിവടങ്ങിൽ ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്ന് വിലയിരുത്തുകയും ചെയ്തു. ഇവിടങ്ങളിൽ ബസുകൾ ഒരുമിച്ച് വരുന്നത് കണ്ട് സമയം ക്രമീകരിക്കാനും തീരുമാനം എടുത്തു. ജീവനക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച് പ്രധാന സ്ഥല നാമങ്ങൾ ബസിന്റെ വശങ്ങളിൽ പതിപ്പിക്കുവാനും, ചില റൂട്ടുകളുടെ കളർ മാറ്റുവാനും തീരുമാനിച്ചു
ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി വിലയിരുത്തുകയും ചില സ്ഥലങ്ങളിൽ ബസുകൾ തിരിയുന്നതിന് തടസം നേരിടുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ട്രയൽ റണ്ണിൽ അതും ഉൾപ്പെടെയുള്ളവ പരിഹരിക്കും.
ഈസ്റ്റ് ഫോർട്ടിൽ നിന്നും 54 ബസ്സുകളും, പേരൂർക്കടയിൽ നിന്നും 36 ബസ്സുകളുമാണ് നഗരത്തിലെ വിവിധ റൂട്ടുകളിലൂടെ റിഹേഴ്സൽ നടത്തിയത്. രണ്ട് റൗണ്ടാണ് റിഹേഴ്സൽ നടത്തിയത് . കെഎസ്ആർടിസിയിലെ 90 ബസുകളിലുമായി 180 ജീവനക്കാരും 35 ഓളം ഇൻസ്പെക്ടർമാർ അടക്കം 85 പേർ റൂട്ടിൽ ടൈമിംഗ് ഉൾപ്പെടെ ചെക്ക് ചെയ്യാൻ റിഹേൾസലിൽ പങ്കെടുത്തിരുന്നു . സെൻട്രൽ വർക്ക്ഷോപ്പിൽ വെച്ച് പരിശീലന ക്ലാസ് നൽകിയ ശേഷമാണ് 4 മണിയോടെ റിഹേൽസൽ ആരംഭിച്ചത്.

തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ സർക്കാർ ഓഫീസുകൾ , ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുന്നത്. ഈ സർക്കുലർ സർവ്വീസുകൾ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തിൽ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുക.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവ്വീസുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
വൈലറ്റ്, മഞ്ഞ, ബ്രൗൺ, ചുമവപ്പ്, മജന്ത, ഓറഞ്ച് എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്ക് നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യഘട്ടത്തിൽ ഏഴ് സർകുലർ റൂട്ടുകളിലാണ് സർവ്വീസ് ആരംഭിക്കുക. തുടർന്ന് 15 റൂട്ടുകളിൽ സർവ്വീസ് നടത്തും. യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്ളോർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
