തിരുവനന്തപുരം: സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി, കെ.എസ്.ആര്.ടി.സി, ജല അതോറിട്ടി എന്നിവയുടെ പ്രവര്‍ത്തനം ദയനീയമാണ്. സി.ഐ.ടി.യു നേതാക്കള്‍ ഘടകകക്ഷി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിക്കുകയും വിരട്ടുകയുമാണ്. വൈദ്യുതി വകുപ്പില്‍ സമരാഭാസം നടന്നിട്ടും അത് തീര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ലേ? മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി. പൊതുഗതാഗതം നിലനിര്‍ത്താനായി കെ- റെയില്‍ കൊണ്ടു വരുന്നവര്‍ കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം കൊടുത്തത് ഇന്നലെയാണ്. സ്വിഫ്റ്റ് വന്നതോടെ കെ.എസ്.ആര്.ടി.സി തകരുമെന്ന് ഉറപ്പായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനാനുവദത്തോടെയാണ് മന്ത്രിമാരായ ആന്റണി രാജുവിനും റോഷി അഗസ്റ്റിനും കൃഷ്ണന് കുട്ടിക്കും എതിരെ സി.ഐ.ടി.യു നേതാക്കള്‍ സംസാരിക്കുന്നത്.
പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞ കാര്യങ്ങളാണ് സില്‍വര്‍ ലൈനിന് വേണ്ടി ഡി.പി.ആര് തയാറാക്കിയ സിസ്ട്ര തലവവന്‍ അലോക് കുമാര്‍ വര്‍മ്മയും പറഞ്ഞത്. ആറായിരം പേജുള്ള ഡി.പി.ആര് പരിശോധിച്ചാല്‍ തന്നെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്ന് മനസിലാകും. പാരിസ്ഥിതിക ആഘാത പഠനമോ അലൈന്‍മെന്റോ എസ്റ്റിമേറ്റോ സര്‍വെയോ ഒന്നും നടത്താതെ എന്ത് ഡി.പി.ആറാണിത്? പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. അല്ലാതെ ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്നല്ല പറയേണ്ടത്. മറുപടി നല്‍കാതെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയാണിത്. 64000 കോടി മാത്രമെ ചെലവ് വരൂ എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ്? കേന്ദ്ര മന്ത്രി വി. മുരളീധരന് ഇവിടെ വന്ന് വെയില് കൊള്ളേണ്ട ഒരു ആവശ്യവുമില്ല. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതി വേണ്ടെന്ന് വയ്പ്പിക്കുയാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം ചെയ്യേണ്ടത്.
എല്ലാ വിഷയങ്ങളിലും സി.പി.ഐ നിലപാട് മാറ്റിക്കൊണ്ടേയിരിക്കും. ലോകായുക്ത ഭേദഗതി സംബന്ധിച്ച് മന്ത്രിസഭയിലും പുറത്തും വ്യത്യസ്ത നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് കാനം രാജേന്ദ്രന് സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നത്. സി.പി.ഐയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അവരുടെ തന്നെ ഉത്തരവാദിത്തമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് സില്‍വര്‍ ലൈനിനെതിരെ യു.ഡി.എഫ് സമരം ചെയ്യുന്നത്. നേരത്തെ പൗരപ്രമുഖരുമായി മാത്രം സംസാരിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ജനങ്ങളോട് സംസാരിക്കാന്‍ വേണ്ടി താഴേയ്ക്ക് ഇറങ്ങിയതില്‍ സന്തോഷം. കെ- റെയില്‍ വിശദീകരിക്കാന്‍ വീടുകളില്‍ പോയതിന്റെ അനുഭവം എന്താണെന്ന് മന്ത്രിമാര്‍ക്ക് നന്നായി അറിയാം.
