ചുരുളി സിനിമയെ കുറിച്ച് മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമായതോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ഇതിന് വിശദീകരണവുമായെത്തി.

സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം ‘ചുരുളി’, പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി അറിയിച്ചു.

ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്ട്ടിഫിക്കേഷന് റൂള്‍സ് -1983, ഇന്ത്യാ ഗവണ്മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്.

2021 നവംബര്‍ 18നാണ് നിയമപ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികൾ ലഭിച്ചതായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.