തിരുവനന്തപുരം: സഭാ ടിവിയിൽ പ്രതിഷേധങ്ങൾ സെൻസർ ചെയ്ത നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്കകത്തെ പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ രാജിവച്ച വാർത്തയെ തുടർന്ന് സഭാ ടിവി എഡിറ്റോറിയൽ ബോർഡ് പുതിയ അംഗങ്ങളെ പുനഃസംഘടിപ്പിച്ചു.
സഭാനടപടികളുടെ തത്സമയ സംപ്രേക്ഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസർ ചെയ്ത സഭാ ടിവി നടപടിയുമായി ബന്ധപ്പെട്ട് സതീശൻ രണ്ട് തവണ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴും മന്ത്രിമാരുടെ മുഖമാണ് കാണിച്ചിരുന്നത്. നാല് യു.ഡി.എഫ് എം.എൽ.എമാർ സഭാ ടി.വിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്.
നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായിയാണ് സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ് വരുന്നത്. കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ് കുമാർ, കെ മോഹൻ കുമാർ, ഇ സനീഷ്, ഇ കെ മുഷ്താഖ്, ബി എസ് സുരേഷ് കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.