ഡാലസ്: അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവില്‍ ഒരടിപോലും മുമ്പോട്ടു പോകാന്‍ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ ഏതെന്നു കാണിച്ചുകൊടുക്കുന്നതിനും പിതാവായ ദൈവം ലോകത്തിനു നല്കിയ വിലമതിക്കാനാകാത്ത സമ്മാനമാണു മിശിഹായായ യേശുക്രിസ്തുവെന്നു നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലിക്സിനോസ് പറഞ്ഞു.
ഡാലസ് സെന്റ്.പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ക്രിസ്സ്മസ് കരോള്‍ പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു തിരുമേനി. നമ്മുടെ ജീവിതപാതയില് തന്റെ രക്ഷയുടെ സന്തോഷ കിരണങ്ങള്‍ വിതറുന്നതിനായി 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് സാക്ഷാല്‍ വെളിച്ചമായ യേശു ഈ പാപലോകത്തെ സന്ദര്‍ശിച്ച മഹാസംഭവത്തെ കുറിച്ച് ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം.
അനുതാപത്തോടും വിനയത്തോടും ഭക്ത്യാദരവോടും കൂടെ യേശുനാഥന്റെ മുമ്പില്‍ വണങ്ങുന്നവര്‍ക്ക് അവനെ രക്ഷകനും കര്‍ത്താവുമായി അംഗീകരിക്കുന്നവര്‍ക്ക് ഭൗമികമായ അന്ധകാരത്തെ എന്നെന്നേക്കുമായി തുടച്ചുമാറ്റുന്ന ജീവന്റെ പ്രകാശത്തില്‍ നടക്കുവാന്‍ കഴിയുമെന്നും തിരുമേനി ഓര്‍മിപ്പിച്ചു. ക്രിസ്തുവിന്റെ പ്രകാശം വെളിപ്പെടുമ്പോള്‍ പാപത്തിന്റെ അന്ധകാരം പിന്മാറുമെന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.
ജോണ്‍ തോമസ് പ്രാരംഭ പ്രാര്‍ഥന നടത്തി. ഇടവക സെക്രട്ടറി ഈശോ തോമസ് സ്വാഗതം പറഞ്ഞു. ടെസി കോരുത്ത്, സുമ ഫിലിപ്പ് എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങള്‍ വായിച്ചു. ഇടവക മലയാളം, ഇംഗ്ലീഷ് ഗായക സംഘാംഗങ്ങള്‍ മനോഹരമായ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.
തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ക്രിസ്മസ് നാറ്റിവിറ്റി സീന്‍ ക്രിസ്മസിന്റെ പൂര്‍ണ സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇടവകയുടെ നിയുക്ത വികാരി റവ. ഷൈജു സി ജോയി അച്ചന് പ്രസംഗിച്ചു. ക്വയര്‍ സെക്രട്ടറി ലിജി സ്കറിയ നന്ദി പറഞ്ഞു. രാജന് കുഞ്ഞ് ചിറയിലിന്റെ സമാപന പ്രാര്‍ഥനക്കും ഷൈജു അച്ചന്റെ പ്രാര്‍ഥനക്കും ശേഷം ലഘുഭക്ഷണത്തോടെ ക്രിസ്മസ് ആഘോഷങ്ങള്‍ സമാപിച്ചു.