
കണ്ണൂർ: സി.പി.എമ്മുമായുള്ളനിരന്തര പോരാട്ടത്തിലൂടെ പ്രശസ്തയായ ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതോടെ വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 10.30ന് പയ്യാമ്പലത്ത്. ഭർത്താവ് ശ്രീഷ്കാന്ത്. മക്കൾ: മനു, മേഘ. മരുമകൻ: ജിജി.
തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സി.പി.എമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്ന് പ്രാദേശിക സി.പിഎം. നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവർക്ക് ഓടിപ്പോകേണ്ടിവന്നു.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സി.പി.എം. എതിർപ്പ് തുടങ്ങിയതെന്നാണ് ചിത്രലേഖ പറഞ്ഞിരുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനാണ്. വടകരയിൽനിന്ന് ശ്രീഷ്കാന്തിന് ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്കാന്തിനു പുറമെ ചിത്രലേഖയും 2004 ഒക്ടോബറിൽ സർക്കാർ പദ്ധതിയിൽ ഓട്ടോറിക്ഷ വാങ്ങി.
എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സി.ഐ.ടി.യുക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾ ഇവർക്ക് എതിരായി. വണ്ടി ട്രാക്കിലിടാനോ ആളുകളെ കയറ്റാനോ സമ്മതിച്ചില്ല. അതിജീവനത്തിനുള്ള ശ്രമം തുടരുന്നതിനിടെ 2005 ഡിസംബർ 31ന് ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെട്ടു. ഇതു വലിയ വിവാദമായി. തുടർന്നു സന്നദ്ധ സംഘടനകൾ ഓട്ടോ വാങ്ങിക്കൊടുത്തെങ്കിലും എടാട്ട് ഓടിക്കാൻ സി.പി.എം. പ്രവർത്തകർ അനുവദിച്ചില്ലെന്നായിരുന്നു ചിത്രലേഖയുടെ ആരോപണം.
തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുൻപിലും പിന്നീട് 47 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും ചിത്രലേഖയ്ക്കു സമരം ചെയ്യേണ്ടി വന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാട്ടാമ്പള്ളിയിൽ ചിത്രലേഖയ്ക്കു വീടുവെക്കാൻ അനുവദിച്ച സ്ഥലവും പണവും എൽ.ഡി.എഫ്. സർക്കാർ വന്നപ്പോൾ റദ്ദാക്കി. കോടതിയെ സമീപിച്ച് ആ നടപടിക്കു സ്റ്റേ വാങ്ങിയാണ് ചിത്രലേഖ വീടു നിർമിച്ചത്.
